Tuesday, June 7, 2011

ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം

മാധ്യമം പേപ്പര്‍ 7/06/2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം


കോഴിക്കോട്:കൈകാലുകള്‍ തളര്‍ന്ന് കലാലയ പഠനസാധ്യത മങ്ങിയ ജിമിക്കും സുമിക്കും വെള്ളിമാടുകുന്ന് ജെ.ഡി.ടിയുടെ സാന്ത്വന സ്‌പര്‍ശം. ഇരുവര്‍ക്കും ഡിഗ്രി പഠനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ജെ.ഡി.ടി ഭാരവാഹികള്‍ മാതാപിതാക്കള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. നാലംഗ കുടുംബത്തിന് താമസിക്കാനും സ്ഥാപനം സൗകര്യം ഏര്‍പ്പെടുത്തും.
വയനാട് കബനിഗിരി മരക്കടവ് പാമ്പനാനിക്കല്‍ ജോണ്‍-മേരി ദമ്പതികള്‍ക്കും മക്കളായ ജിമിക്കും സുമിക്കുമാണ് ജെ.ഡി.ടി എല്ലാ സഹായവും ഉറപ്പാക്കിയത്.
പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്കുള്ള ഇരുവര്‍ക്കും ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ കമ്യൂണിക്കേഷന്‍ ബിരുദ കോഴ്‌സില്‍ പ്രവേശനം നല്‍കി. മൂന്നുവര്‍ഷ ഡിഗ്രിക്ക് ആവശ്യമായ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും ജെ.ഡി.ടി അധികൃതര്‍ നല്‍കും. വീല്‍ചെയറിലിരുന്ന് തിരിയാന്‍ പറ്റാത്ത ഇവരെ ശുശ്രൂഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കള്‍ക്ക് ജോലിനല്‍കുന്നത്. അമ്മ മേരിക്ക് വാര്‍ഡന്റെ ജോലിയും പിതാവ് ജോണിന് അനുയോജ്യമായ മറ്റൊരു ജോലിയും നല്‍കും.
ശരീരാവയവങ്ങള്‍ക്ക് ചലനശേഷി കുറയുന്ന സ്യൂഡോ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗമാണ് ഇരുവര്‍ക്കും ബാധിച്ചത്. വീട്ടിലിരുന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും സ്വന്തമായി പഠിച്ച് എഴുതി ഉന്നത മാര്‍ക്ക് നേടിയ ഇവര്‍ക്ക് കലാലയ പഠനം സ്വപ്‌നം മാത്രമായി ശേഷിക്കുകയായിരുന്നു. ഇവരുടെ ദുരിതം തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
ജെ.ഡി.ടിയില്‍ താമസിക്കാന്‍ പ്രത്യേക റൂം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവാന്‍ വാഹനസൗകര്യവും ഒരുക്കും.
ജെ.ഡി.ടിയിലെത്തിയ കുടുംബത്തെ കമ്മിറ്റി പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, ഭാരവാഹികളായ തോട്ടത്തില്‍ റഷീദ്, അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

1 comment:

  1. കരുത്തോടെ മുന്നോട്ടു പോവാന്‍ ആവട്ടെ എന്ന പ്രാര്‍ഥനയോടെ

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി