Wednesday, May 4, 2011

വാനോളം പറക്കുന്ന ചിറകില്ലാത്ത പക്ഷികള്‍

വാനോളം പറക്കുന്ന ചിറകില്ലാത്ത പക്ഷികള്‍


 http://mangalam.com/imagemanagement/albums/2011/April2011/NewsImages/normal_010511bsun2.jpg

                      (മംഗളം സണ്‍‌ഡേ  ൦1/05/2011)

എനിക്കു ചുറ്റും തീക്കാറ്റുവീശുന്നു

എന്റെ ജീവചക്രങ്ങള്‍ തിരിയുന്നത്‌

നിരന്തരം അഗാധമായ കനലിലാണ്‌

എന്റെ സ്വപ്‌നങ്ങള്‍.. കോട്ടകള്‍

ഓരോന്നായി ഉടഞ്ഞുപോകുന്നു.

ചിതറിയ ശില്‌പങ്ങള്‍ തളര്‍ന്ന

കൈകൊണ്ട്‌ പെറുക്കുമ്പോള്‍,

ഉടലാകെ വിറക്കുന്നു..വിയര്‍ക്കുന്നു.


ജിമി-സുമി

ജീവിതം വേട്ടക്കഴുകന്റെ കൊത്തുപോലെ ഹൃദയത്തില്‍ കുത്തിതറച്ച്‌ മുറിവുണ്ടാക്കുമ്പോഴും റോസാപുഷ്‌പങ്ങളെപ്പോലാണ്‌ ജിമിയും സുമിയും നമ്മെ നോക്കിചിരിക്കുക. വേദനകളെ ഉള്ളില്‍ ഉണക്കി സൂക്ഷിച്ചാണ്‌ മറ്റുള്ളവരുടെ മുമ്പില്‍ വീല്‍ച്ചെയറില്‍ ഇരുവരും ഇരിക്കുക. അതറിയണമെങ്കില്‍ നോട്ടങ്ങള്‍ക്കിടയിലും, വാക്കുകളുടെ വിള്ളലുകള്‍ക്കിടയിലും വഴുതിവീഴുന്ന ഉച്‌ഛാസങ്ങളുടെ വഴുക്കലുകളെ ശ്രദ്ധിച്ചാല്‍ മതി. റോസാപുഷ്‌പങ്ങളെ അവര്‍ക്ക്‌ വലിയ ഇഷ്‌ടമാണ്‌. നട്ടുപിടിപ്പിക്കാനും വെള്ളമൊഴിക്കാനും. പക്ഷേ, അതിനവരുടെ കാല്‍മസിലുകളും കൈ മസിലുകളും സമ്മതിക്കില്ല.അതിന്റെ നാശത്തിനാണ്‌ സ്യൂഡോ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്നു പറയുക. ഇതു ശരീര മസിലുകളെ നിര്‍ജീവമാക്കി കിടത്തുന്ന ജോലിയാണ്‌ നിര്‍വഹിക്കുക. ലക്ഷത്തില്‍ ഒരാള്‍ക്ക്‌ സംഭവിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. മനുഷ്യനെ ചുമ്മാ ജീവിപ്പിക്കുന്ന ഓട്ടിസമുണ്ട്‌, അസ്‌ഥികളെ കുനുകുനാ ഒടിക്കുന്ന ഓസ്‌റ്റിയോ ജനസീസ്‌ ഇന്‍ ഫെര്‍പെക്‌ടയുണ്ട,്‌ കള്ളുകുടിയന്മാരെപോലെ കുട്ടികളെ നടത്തുന്ന സെറിബ്രല്‍ പാള്‍സിയുണ്ട്‌.ഇത്തരം രോഗങ്ങളെ അതിജീവിച്ചാലും രോഗമില്ലാത്തമനുഷ്യരെകണ്ടെത്താന്‍ ബുദ്ധിമുട്ടാണന്ന്‌ ആര്‍ക്കാണറിയാത്തത്‌. വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍ നോക്കി ഇതുപാരമ്പര്യരോഗമെന്ന്‌ പറഞ്ഞ്‌ കൈയൊഴിഞ്ഞ ഡോക്‌ടര്‍മാരുടെ കണക്കാണ്‌ ജിമിക്കും സുമിക്കും മുമ്പിലുള്ളത.്‌ പക്ഷേ മാതാപിതാക്കളുടെ പാരമ്പര്യത്തില്‍ മഷിയിട്ടുനോക്കിയിട്ടും ആര്‍ക്കുമിതുള്ളതായി കണ്ടത്താനായില്ല.എന്തായാലും വിധിക്കു കീഴടങ്ങാന്‍ ജിമിയും അനുജത്തി സുമിയും തയ്യാറുമല്ല. പക്ഷികളെപ്പോലെ പറക്കാനുള്ള മോഹമിവര്‍ കൈവിടുന്നുമില്ല. കഴിയുന്നതുപോലെ മരുന്നുകളും യോഗയും ചെയ്‌ത് ശരീരത്തിന്റെ മരവിപ്പ്‌ മാറ്റണം. നടക്കുന്ന മനുഷ്യരെ വലിയ ഇഷ്‌ടമാണിവര്‍ക്ക്‌. അതു കാണാന്‍ മുറ്റത്ത്‌ വീല്‍ച്ചെയറില്‍ പോയിരിക്കണമെന്ന്‌ ആഗ്രഹിക്കും. (മുറ്റത്തിനപ്പുറം റോഡാണ്‌.) പക്ഷേ കഴിയില്ല വീട്ടിലെ അമ്മച്ചിക്ക്‌ അടുക്കളയിലും തൊടിയിലും ധാരാളം പണിയുണ്ട്‌.അച്‌ഛന്‌ കൂലിവേലക്ക്‌ പോകണമല്ലോ? എന്നിട്ടുവേണം ജിമിക്കും സുമിക്കും മരുന്നുമേടിക്കാന്‍. പിന്നെങ്ങനെയാണിവര്‍ മുറ്റത്തെ പൂക്കളെ തലോടുക, അസ്‌തമയ സൂര്യന്റെയും, പ്രഭാതസൂര്യന്റെയും ചോരച്ച കതിരുകളെ ദേഹത്ത്‌ തറപ്പിക്കുക. സൂര്യരശ്‌മിയില്‍ നിന്നുള്ള പോഷകങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ അതിനും വേണം ഗുളികകള്‍ ദിവസം 48രൂപയ്‌ക്കുള്ളത്‌. അതും സഹിച്ചു. പക്ഷെ ഇവര്‍ ജീവിതത്തെ അങ്ങനെവിടാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രതിരോധങ്ങളുടെ കനലുകളെല്ലാം ഉള്ളില്‍ നിറച്ച്‌ സാഹചര്യങ്ങളോട്‌ പിടിച്ചനില്‍ക്കാന്‍, ഇരുപതു വയസുകാരി ജിമിയും, പതിനേഴു വയസുകാരി സുമിയും പഠനത്തിലൂടെ തയ്യാറെടുക്കുകയാണ്‌. ശരീരം സമ്മതിച്ചില്ലെങ്കിലും മനസ്സിനു കഴിയുമല്ലോ? ഇതാണിവര്‍ ദിനേന പരിശീലിക്കുന്നത്‌.

ചെറുപ്പത്തിലെ ജിമി ഇടയ്‌ക്കിടെ വീഴുമായിരുന്നു. ആരുമത്‌ കാര്യമാക്കിയിരുന്നില്ല. വീണാല്‍ എഴുന്നേല്‍ക്കാന്‍ താമസിക്കും. അപ്പോള്‍ വീട്ടുകാര്‍ കളിയാക്കും-മടിച്ചിപ്പാറു. പിന്നെ അഞ്ചാം വയസ്സില്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക്‌ വീണ ജിമി എഴുന്നേറ്റില്ല. അമ്മ ഓടിവന്ന്‌ എഴുന്നേല്‍പ്പിച്ചിട്ടും ജിമിക്ക്‌ നില്‍ക്കാനായില്ല. കാലുകള്‍ വാഴനാരുപോലെ ആടുന്നു. കുഞ്ഞു നിര്‍ത്താതെ കരഞ്ഞു. അമ്മ നിലവിളിച്ചു. അച്‌ഛന്‍ മകളേയുംകൊണ്ട്‌ കാര്യമറിയാതെ ആശുപത്രിയിലേക്ക്‌ ഓടി. ദിവസങ്ങള്‍ കഴിഞ്ഞ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഭിഷഗ്വരന്മാര്‍ വിധിയെഴുതി സ്യൂഡോ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി. മരുന്നല്ല മന്ത്രമാണുപോലും ഇനി വേണ്ടത്‌. ലോകത്തെവിടയും മരുന്നുകണ്ടുപിടിക്കാത്ത രോഗം. മെഡിക്കല്‍ കോളജ്‌ വരാന്തയില്‍ ഒരുകുടുംബം ഉള്ളുവിണ്ട്‌ കരഞ്ഞ നിമിഷം.

അപ്പോഴും അനുജത്തി സുമി പിച്ചവെച്ച്‌ ഓടുന്നുണ്ടായിരുന്നു മുറ്റത്ത്‌. അവളും ഇടയ്‌ക്കിടെ വീണുകൊണ്ടിരുന്നു. എങ്കിലും അവള്‍ ഏഴാം ക്ലാസ്‌ വരെ മുടന്തി മുടന്തി പഠനം എത്തിച്ചു... അവസാനം സുമിയും പന്ത്രണ്ടാം വയസില്‍ ജിമിയെപ്പോലെ വീല്‍ച്ചെയറിലായി. ഇപ്പോള്‍ രണ്ടുപേരും പരസ്‌പരം സങ്കടങ്ങള്‍ കുടഞ്ഞെറിഞ്ഞ്‌ കവിതകള്‍ എഴുതിയും, പാഠപുസ്‌തകങ്ങള്‍ നോക്കിയും ദിവസങ്ങള്‍ തള്ളുന്നു. ഇങ്ങനെയുള്ള ജിമിയാണ്‌ ബി.എക്ക്‌ രണ്ടാംവര്‍ഷം പഠിക്കുന്നത്‌. ഈ സുമിയാണ്‌ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷഎഴുതി റാങ്കിന്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ മൂന്നുമാസങ്ങള്‍ അച്‌ഛന്റെ എളിയിലിരുന്നാണ്‌ ഇവര്‍ ബാത്ത്‌റൂമിലേക്ക്‌ പോയത്‌. കാരണം അവരുടെ അമ്മയ്‌ക്ക് ഗര്‍ഭപാത്രത്തില്‍ മുഴ. ഓപ്പറേഷന്‍ ചെയ്യണം. കൂടാതെ മൂന്നുമാസം റെസ്‌റ്റും.

ചെറുപ്പുംമുതലേ ഇവരെ എടുത്തിട്ടുള്ളത്‌ അച്‌ഛനും അമ്മയുമാണ്‌. പ്രായപൂര്‍ത്തിയായിട്ടും പെണ്‍മക്കളെ എടുക്കാന്‍ നിവര്‍ത്തികെട്ട ഒരച്‌ഛന്റെ ഉള്ള്‌ തേങ്ങിപൊടിയുന്ന ഒച്ച അടുത്താലെ അറിയൂ. ആരുടെയും സഹായമില്ലാതെ ജിമിക്കും സുമിക്കും ബാത്ത്‌റൂമില്‍ പോകണം. അതവരുടെ സ്വപ്‌നമാണ്‌. കൂലിപ്പണിക്കാരായ അച്‌ഛനും അമ്മയ്‌ക്കും അത്‌ സാധിച്ചുകൊടുക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ജിമിയും സുമിയും സങ്കടങ്ങളുടെ പകര്‍ച്ചയില്‍ പരസ്‌പരം കണ്ണു നിറച്ച്‌ എല്ലാ ആഗ്രഹങ്ങളോടും വിടപറഞ്ഞ്‌ പഠിത്തക്കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്നു. മനശക്‌തിക്കായി അവര്‍ വിശുദ്ധ യൂദാസ്ലീഹായോട്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. അതാണ്‌ അവരുടെ ശക്‌തി. വേദനിക്കുമ്പോള്‍ യൂദാസ്ലീഹായോട്‌ പ്രാര്‍ഥിച്ചാല്‍ സന്തോഷംകിട്ടുമെന്ന്‌. നിലയില്ലാ കയത്തിലും ഇവരുടെ സങ്കടം അമ്മയെ കുറിച്ചാണ.്‌ അമ്മയ്‌ക്ക് എത്രനാള്‍ കഴിയും പറക്കാനറിയാത്ത ഈ മക്കളെ നോക്കാന്‍. അതുകൊണ്ട്‌ പഠിച്ച്‌ ജോലി നേടി അമ്മയേയും അച്‌ഛനേയും സംരക്ഷിക്കണമെന്ന ഉഗ്രപ്രതിഞ്‌ജയിലാണ്‌ ജിമിയും സുമിയും. ലക്ഷ്യത്തിനായി അക്ഷീണരായി പ്രവര്‍ത്തിക്കുന്നവര്‍. ജിമിക്ക്‌ പ്ലസ്‌ടുവിന്‌ 85ശതമാനം മാര്‍ക്കുണ്ടായിരുന്നു. അച്‌ഛനവളെ എടുത്തുകൊണ്ട്‌ നടന്നാണ്‌ പഠിപ്പിച്ചതും പരീക്ഷ എഴുതിച്ചതും. പഠനത്തിന്‌ കബനിഗിരി നിര്‍മ്മലാ ഹൈസ്‌ക്കൂളിലെ മധുമാസ്‌റ്ററാണ്‌ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്‌തു കാടുത്തത്‌.പഴശിരാജാകോളേജ്‌ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ ഏറ്റ അവഗണനമാത്രമാണ്‌ അവളെ മുറിപ്പെടുത്തിയത്‌.

മെറിറ്റില്‍ കിട്ടിയ സീറ്റില്‍ നിന്ന്‌ അവളെ പരമാവധി ഒഴിവാക്കാന്‍ നോക്കി ഹാജറിന്റെ നിയമം പറഞ്ഞ്‌. യൂണിവേഴ്‌സിറ്റിക്ക്‌ 75ശതമാനം ഹാജര്‍ നിര്‍ബന്ധമാണന്ന്‌. ഇക്കാര്യം ബോധിപ്പിച്ച്‌ വിദ്യാഭ്യാസമന്ത്രിക്ക്‌ ജിമി നിവേദനം കൊടുത്തു. അദ്ദേഹം മാനേജുമെന്റിന്‌ കത്തു കൊടുത്തു കുട്ടിയെ സഹായിക്കാന്‍. പക്ഷേ കോളേജധികൃതര്‍ അതൊന്നും പരിഗണിച്ചില്ല. അതുകൊണ്ട്‌ പുറത്തായി, ഇപ്പോള്‍ പ്രൈവറ്റായി വീണ്ടും രജിസ്‌റ്റര്‍ ചെയത്‌ പഴയ സിലബസില്‍ പഠനം തുടരേണ്ട ഗതികേട്‌. അതുകൊണ്ട്‌ ഗ്രാന്‍ഡും സ്‌കോളര്‍ഷിപ്പുകളും മാത്രമല്ല ജിമിക്ക്‌ നഷ്‌ടപ്പെട്ടത്‌, ജീവിതത്തില്‍ മുന്നേറാനുള്ള ഒരു ചവിട്ടുപടികൂടിയാണ്‌്.

സുമി പ്ലസ്‌ടു പരീക്ഷ എഴുതി ഫലം കാത്തിരിപ്പാണ്‌. അച്‌ഛനാണ്‌ അവളെ എടുത്ത്‌ പരീക്ഷാ ഹാളില്‍ കൊണ്ടുചെന്നിരുത്തിയത്‌. അതുപോലെ പുറത്തേക്കും. ഓട്ടോറിക്ഷ വെളിയില്‍ കാത്തു കിടപ്പുണ്ടാകും. കഷ്‌ടപ്പാടുകള്‍ ദൈവഹിതമെന്ന്‌ മനസ്സിലാക്കുന്ന അച്‌ഛനമ്മമാര്‍ അവരുടെ പുണ്യമാണ്‌. ദിനേന യൂദാസ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണമേ, മനസിന്‌ ശക്‌തിതരണമേ... ഈ പ്രാര്‍ത്ഥനയാണ്‌ ജിമിയുടേയും സുമിയുടേയും ആത്മബലം.

തൊട്ടടുത്ത പള്ളിയിലെ കുര്‍ബാന ചൊല്ലലും വാഴ്‌വിന്റെ മരമണിയടിയും അവര്‍ക്ക്‌ കേള്‍ക്കാം. പ്രഭാതത്തില്‍ കുര്‍ബ്ബാനമണികേട്ട്‌ ഉണരാം. ബെഡ്‌ഡില്‍കിടന്ന്‌ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാം. അതൊരു സൗഭാഗ്യമായി ജിമിയും സുമിയും കരുതുന്നു. പുല്‍പ്പള്ളില്‍ നിന്നും 10 കീ.മീ ദൂരെ കബനിഗിരിയിലാണ്‌ ഇവരുടെ താമസം. വീട്ടുമുറ്റത്തു നിന്ന്‌ ഒരു കീ.മീറ്റര്‍ നടന്നാല്‍ മതി കബനി നദിയില്‍ പോയി കുളിച്ചു കേറാന്‍. പക്ഷേ റോഡിലൂടെ നടക്കുന്നവരെ നോക്കി അസൂയപ്പെടാനെ അവര്‍ക്ക്‌ കഴിയൂ.

ചൂടുകാലമായാല്‍ കര്‍ണാടകത്തിലെ മണ്ണിലും മരത്തിലും നിന്നടിക്കുന്ന ഉഷ്‌ണക്കാറ്റ്‌ മുറ്റത്തോളമെത്തും. മുറ്റത്തിരുന്നാല്‍ ആളെ പിടിക്കാനായി ചീറിയോടുന്ന കുട്ടിബസുകളുടെ ശബ്‌ദം കേള്‍ക്കാം. ബസില്‍ കേറുന്നത്‌ അവര്‍ക്ക്‌ വളരെ ഇഷ്‌ടമാണ്‌. പക്ഷേ മുറ്റം കഴിഞ്ഞാല്‍ ഓട്ടോയോ ജീപ്പോ വേണം അവര്‍ക്ക്‌ പോകാന്‍. ജിമി പറഞ്ഞു. നല്ല പുസ്‌തകങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു. കൊതിയാണ്‌ ജിമിക്കും സുമിക്കും പുസ്‌തകങ്ങള്‍ വായിക്കാന്‍. പക്ഷേ അത്തരം സൗഭാഗ്യങ്ങള്‍ക്ക്‌ അവര്‍ കടിഞ്ഞാണിട്ടിരിക്കുന്നു. വല്ലപ്പോഴും ആരെങ്കിലും കൊടുത്താലെ വായനയുള്ളൂ. സുമിക്ക്‌ കവിതകളോട്‌ വലിയ കമ്പമാണ്‌.ചിലതൊക്കെ എഴുതി അവള്‍ ബ്ലോഗില്‍ കൊടുത്തിട്ടുമുണ്ട്‌. (മുകളിലെ കവിത ഇവരുടെ ബ്ലോഗിലുള്ളതാണ്‌ ) ആരാണ്‌ അവരുടെ ബ്ലോഗുകള്‍ കാണുക. അഭിപ്രായം പറയുക. ഒത്തിരി സംസാരിക്കാനും മനസു തുറക്കാനും ജിമിയും സുമിയും കൊതിക്കുന്നുണ്ട്‌. വരുന്നവരൊക്കെ സഹതാപത്തോടെ നോക്കുകയും മിണ്ടുകയും ചെയ്യുമ്പോഴാണ്‌ അവര്‍ രോഗങ്ങള്‍ സ്വയം തിരിച്ചറിയുക. അവര്‍ക്കന്നേരം കരച്ചിലാണ്‌ വരുക. എങ്കിലും അതടക്കി അവര്‍ പുഷ്‌പങ്ങളെപോലെ തലയാട്ടിച്ചിരിക്കും. ഈ രോഗത്തിന്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ വല്ലതും ഉണ്ടോന്നറിയാനായി ജിമിയെ ബാംഗളുര്‍ നിഹാംസില്‍ ചികത്സക്കായി കൊണ്ടുപോയിരുന്നു. പറമ്പൊക്കെ വിറ്റ്‌ ടെസ്‌റ്റുകള്‍ എല്ലാം ചെയ്‌തു. അവരും കൈ വിട്ടപ്പോള്‍ സത്യസായി ബാബ കേന്ദ്രത്തില്‍ കൊണ്ടുപോയി. ഒന്നും ഫലിച്ചില്ല. ലോകത്തെവിടയും മരുന്നും മന്ത്രവുമില്ലാത്ത രോഗം. ആദ്യം അലോപ്പതിയും,പിന്നീട്‌ ആയുര്‍വ്വേദവും, നാട്ടുവൈദ്യവുമെല്ലാം പരീക്ഷിച്ചു. ഇപ്പോള്‍ ഹോമിയോ ചികത്സയിലാണ്‌. അടിപതറാതെ അറിയാവുന്നതെല്ലാം ജിമിക്കും സുമിക്കും വേണ്ടി മാതാപിതാക്കള്‍ കടം വാങ്ങിച്ചെയ്യുന്നു.

ചായകുടിക്കാന്‍ കൈപൊങ്ങാത്തതു കൊണ്ട്‌ ചില നൊടുക്കു വിദ്യകളൊക്കെ ജിമിയും, സുമിയും കണ്ടുപിടിച്ചിട്ടുണ്ട്‌. കട്ടിലിനോട്‌ ചേര്‍ന്ന്‌ തുണിതൊട്ടില്‍കെട്ടി കൈ അതിലിട്ട്‌ ചായഗ്ലാസ്സ്‌ ബലമില്ലാത്ത കൈക്ക്‌ വിഷമിച്ച്‌ പിടിച്ചാണ്‌ ചായകുടിക്കുക. അരഗ്ലാസ്സെ പാടുള്ളൂന്ന്‌ മാത്രം. നിറഞ്ഞാല്‍ തുളുമ്പിപോകും. തൊട്ടില്‍ സ്വാഭാവികമായി ചലിക്കുന്നതുകൊണ്ട്‌ ചായകുടി സുഗമമെന്ന്‌ ജിമിയും സുമിയും.

ഇതില്‍ കൈകുത്തിയാണ്‌ കടലാസുപുഷ്‌പ്പങ്ങള്‍ അവര്‍ നെയ്യുക. പലനിറത്തിലുള്ള റോസാപുഷ്‌പങ്ങളാണ്‌ ഇവര്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്‌. പിന്നെ മൂത്രമൊഴിക്കാനും കുളിപ്പിക്കാനുമൊക്കെ അമ്മയും അച്‌ഛനും ഓടിയെത്തണം. ബാത്ത്‌റൂമില്‍ പരസഹായം കൂടാതെ കേറാനുള്ള മാറ്റങ്ങള്‍ വരുത്തണം എന്നാവശ്യപ്പെടാന്‍ അവര്‍ക്കാവില്ല. അച്‌ഛനും അമ്മയേയും കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പെന്‍സില്‍പോലും ജിമിയും സിമിയും ചോദിക്കില്ല.

അവര്‍ക്ക്‌ നല്ല ബുദ്ധിയുണ്ട്‌. അവര്‍ പറയും ശാരീരിക വൈകല്യങ്ങള്‍ ദൈവത്തിന്റെ ഹിതമാണ്‌.അത്‌ ദൈവം മാറ്റും. എന്നും നമ്മളതിന്‌ കരഞ്ഞ്‌ പ്രാര്‍ത്ഥിക്കണം. ജിമിയും സുമിയും അച്‌ഛനോടും അമ്മയോടും പറയുന്ന വാക്കുകള്‍.

ജിമിക്കും സുമിക്കും വെബ്‌സൈറ്റും ബ്ലോഗുമുണ്ട്‌ സ്‌കൂളില്‍ നിന്ന്‌ സൗജന്യമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കൊടുത്തിട്ടുണ്ട്‌. അധ്യാപകനായ മധുവാണ്‌ അവര്‍ക്കതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പഠിപ്പിച്ചത.്‌ ബേബി ഏലിയാസച്ചനാണ്‌ പഠനത്തിന്റെ കാര്യങ്ങള്‍ക്ക്‌ സഹായിക്കുന്നത്‌. അദ്ദേഹം പുല്‍പ്പള്ളിയില്‍ പാരലല്‍ കോളേജ്‌ നടത്തുകയാണ്‌. വിധി ആരെയെല്ലാം എങ്ങനെ തളര്‍ത്തിയയാലും മനസ്സാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കറിയാം.

ലോകത്തിലുള്ള പല അംഗഹീനരും, ദുര്‍ബ്ബലരും ജീവിതത്തില്‍ വിജയിക്കുന്നത്‌ ആത്മബലംകൊണ്ടാണ,്‌ അത്തരം ചിലരെ ടിവി.യില്‍ കണ്ടിട്ടുമുണ്ട്‌. കുറച്ചാളുകള്‍ പരാജയപ്പെടുമ്പോഴാണ്‌ മറ്റുള്ളവര്‍ വിജയിക്കുന്നത.്‌ പ്രത്യാശ കൈവിടാന്‍ ഞങ്ങള്‍ തയാറല്ല അതുകൊണ്ട്‌ ഞങ്ങള്‍ ജീവിക്കുന്നു.ജിമിയും സുമിയും പറഞ്ഞു.

വിലാസം: ജിമി-സുമി.

പാമ്പനാനിക്കല്‍ ഹൗസ്‌, കബനിഗിരി പി.ഒ,

പുല്‍പ്പള്ളി.673579 വയനാട്‌.

ജോസ്‌ പാഴൂക്കാരന്‍

2 comments:

 1. തണല്‍ മരം


  എന്റെ ജിവിതം ഒരു തണല്‍ മരമാണ് ..........
  അതിലെ വേരുകള്‍ എന്റെ സുഹ്രതുക്കളാണ് ....
  അതിന്റെ കൊമ്പുകള്‍ ദൈവ്വത്തിന്റെ വരങ്ങളാണ്....
  അതിലെ പച്ചിലക്കള്‍ എന്റെ സ്നേഹമാണ് ...........
  ആ സ്നേഹത്തിന്റെ തണലിന്‍ കിഴില്‍ .......
  ഞാന്‍ സ്നേഹിക്കുന്നവരെ ചേര്‍ത്ത്‌ നിര്‍ത്തുന്നു...........
  എങ്കിലും ഞാന്‍ കേഴുന്നു...........
  ഇത്തിരി സ്നേഹത്തിനായ് .........
  സ്നേഹമായ് ഒരുതുള്ളി ജലം എനിക്ക് തന്നാല്‍ ......
  ഞാന്‍ ഒരു തണല്‍ മരമായ്‌ എന്നും...............
  ഈ ആല്ത്തറയില്‍ നിങ്ങള്‍ക്കായ് കാത്തിരിക്കും..................
  കൊഴിയുന്ന ഇലകളെ നോക്കി ഞാന്‍ കരയില്ല.....
  ഒടിയുന്ന കൊമ്പുക്കളെ നോക്കി ഞാന്‍ വെതനിക്കില്ല........
  എന്റെ വേരുകള്‍ എന്നെ താങ്ങുന്നു എന്ന് ഞാന്‍ അറിയുന്നു.........

  ReplyDelete
 2. possible now to get normal. pls dont ignre this message..more detailes call 09360012807
  dr manivannan

  ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി