 |
Sumy & Jimi |
വയനാട്:സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പാടിച്ചിറയിലെ പത്താംനമ്പര്‍ ബൂത്തില്‍ തങ്ങളുടെ ചക്രക്കസേരയില്‍ അവര്‍ കന്നിവോട്ടുചെയ്യാനെത്തി. ചെറുപുഞ്ചിരിയുമായി തോല്‍ക്കാത്ത നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകങ്ങളായി ജിമിയും അനുജത്തി സുമിയും. ആദ്യം വോട്ട് ചെയ്തതിന്റെ സന്തോഷം, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ‘ഓര്‍മമരം’ തൈകള്‍ കൂടി ലഭിച്ചതോടെ ഇരട്ടിയായി. ഇരുവരും വീട്ടില്‍നിന്ന് ഇലക്‌ട്രോണിക് വീല്‍ചെയറില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍ എ.യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയത്.
കബനിഗിരി പാമ്പാനിക്കല്‍ വീട്ടില്‍ ജോണിന്റെയും മേരിയുടെയും മക്കളായ ഇവര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളജില്‍ മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്. ഇരുവരും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദം നേടി. ജിമി ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. എസ്.എസ്.എല്‍.സി വരെ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലും പ്ലസ്ടുവിന് മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് എച്ച്.എസ്.എസിലുമാണ് പഠിച്ചത്.
അഞ്ചുവയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്ന ഇവര്‍ക്ക് പേശികള്‍ ദുര്‍ബലമാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചതോടെ വീല്‍ചെയയറിലായി ചലനം. ശാരീരികമായ ദുര്‍ബലാവസ്ഥയെ തരണം ചെയ്ത് പഠനത്തില്‍ മുന്നേറിയ സഹോദരിമാര്‍ അവശതകള്‍ സഹിച്ചും വോട്ട് ചെയ്ത് ജനാധിപത്യ ബോധത്തിന്റെ തെളിമയാര്‍ന്ന മാതൃകകളായി. ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മമരം പദ്ധതിയെക്കുറിച്ചറിഞ്ഞ ഇവര്‍ എന്തു ത്യാഗം സഹിച്ചും വോട്ടുചെയ്യുമെന്ന് നിശ്ചയിക്കുകയായിരുന്നു. വയനാടിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായതിന്റെ ഓര്‍മ മനസ്സിലെന്നും സൂക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിനെ അഭിനന്ദനമറിയിക്കാനും ഇവര്‍ മറന്നില്ല. ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്‍കാന്‍ തീരുമാനിച്ചത് ഇത്തരത്തിലുള്ള വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.